Saturday, May 9, 2009

വഴി

ഒന്ന്
വരമ്പ്
ഒക്കെയും
ഓര്‍മ്മയാകുന്നു
അല്പമുമ്പു
പറഞ്ഞതും
തൊട്ടകന്നതും
ചിരിച്ചതും
ഒട്ടകന്നുനിന്ന്
പരസ്പരം
പഴിച്ചതും
ഉണര്‍ന്നതും
ഉറക്കം
വരുന്നെന്നു
പറഞ്ഞതും
കോട്ടുവായിട്ടു
വായ് തുറന്നതും
എന്താ രാത്രി
ഉറക്കമില്ലേ
എന്ന് തിരഞ്ഞതും
ഒക്കെയും
ഓര്‍മ്മയാകുന്നു!

ഓര്‍മ്മയാണ്
ഏതിലേക്കും
തിരച്ചു നടക്കുവാന്‍
പാതയാകുന്നത്!

പെണ്ണിനുള്ള
കുറിപ്പ് തുന്നീടുവാന്‍
അക്ഷരങ്ങള്‍
പെറുക്കി നല്‍കുന്നതും
കുഞ്ഞിനുള്ള
മരുന്ന് വാങ്ങിക്കുവാന്‍
കുറിപ്പ് കീശയില്‍
വച്ചു തരുന്നതും !
ഓര്‍മ്മ
മാത്രമാണല്ലോ!

ദൂരെ നിന്നും
വരുന്ന
ദേശാടനക്കിളികളെ
കണ്ടു നോക്കിനിര്‍ത്തുന്നതും
ഓര്‍മ്മയാണല്ലോ!

ഓര്‍മ്മയാകുന്നു
എനിക്ക്
ബാല്യത്തിലെ
വയലിലേക്കും
പട്ടം പറത്തിയ
മണലിലേക്കും
പഴയ ചങ്ങാതി തന്‍
ചെറുകരത്തില്‍
പുരണ്ട മിഠായിതന്‍
മധുരമൂറുന്ന
ഉച്ച നേരത്തിലും!
പത്തുപൈസയ്ക്ക്
കിട്ടിയ
അച്ചാറുവെള്ളമേകിയ
പുളിയെരിയുപ്പിലും!
അതിലുമപ്പുറം
വളരെപ്പഴകിയോരെന്നിലെക്കും
വരമ്പായിമാറുക!

ഈ വരമ്പേറി
എത്രപോയീടിലും
കുഴയുകില്ലിറ്റു
കണ്ണീര്‍ പൊടിയിലും .
രണ്ട്
ചാല്‍
നാമറിയാതെ
എത്ര ചാലുകള്‍
അകം
പുറം
ഇരുള്‍
വെളിച്ചം
തിരിച്ചിയതിങ്ങനെ
തെളിഞ്ഞ്
കലങ്ങി
എവിടെയൊക്കെയോ
ഒഴുകിടുന്നത്
പ്രണയം
കലഹ-
മരണജീവിത
വിവിധ
വേഷങ്ങള്‍
ആടി തിമിര്‍ത്തത് .
എത്ര ചാലുകള്‍
അടിയൊഴുക്കുകള്‍
നിരന്തരം
നമ്മില്‍
മറഞ്ഞു
നില്‍പ്പത്!
മകള്‍
മകന്‍
അമ്മ
ഇണ
ഇടര്‍
പ്രാണന്‍
ഇതുപോല്‍
എങ്ങും
വരിഞ്ഞു
നില്‍പ്പത് !
ഒരു ചാല്‍
ജീവന്‍
പകര്‍ന്നു
നല്‍കുമ്പോള്‍
മറുചാല്‍
മൃത്യുവില്‍
വിളക്ക്
വച്ചിടും .
എവിടെയൊക്കെയോ
അദൃശ്യരായ്‌
പലരടുത്തു
നിന്നിരുള്‍
ചവച്ചു
തുപ്പിടും.
അറിഞ്ഞിടാതകം
വഴി
അദൃശ്യമായ്
സുദൃഢ സ്നേഹത്തിന്‍
പെരുംചാല്‍
പാടുകള്‍ !
മൂന്ന്
ദൂരം
എത്ര ദൂരങ്ങള്‍
ഹ്രെസ്വ ജീവിതം
ഏകിയ പാഠങ്ങള്‍
യാത്രയിങ്ങനെ
വഴി അറിഞ്ഞു
അറിയാതെ
നടന്ന്
അകലമില്ലാതെ
നിറഞ്ഞൊഴുകി
പിന്നെയും
എത്തിയും
മറന്നും
ഓര്‍ത്തും
എവിടെയൊക്കെയോ
എന്തിലോക്കെയോ !

Monday, May 4, 2009

ചൂട്ടുമിന്നും വെളിച്ചത്തില്‍

അശാരിയമൂമ്മയെ
ആശുപത്രിയില്‍
കൊണ്ടുപോകാന്‍
ഓട്ടോ വിളിക്കാന്‍ വന്നത്
ഷാജി .

ചൂട്ടുമിനും വെളിച്ചത്തില്‍
എന്റെ ഓട്ടോ
ആശുപത്രിയിലേക്ക്
പാഞ്ഞുപോയത്,
ഡോക്ടറുടെ മുറ്റത്ത്‌
അവര്‍ ഉണര്‍ന്നു വരും വരെ
കാത്തുനിന്നത്
അവനൊപ്പം .

ഇനിയവര്‍
ഒട്ടോയില്‍നിന്നും
ഇറങ്ങില്ല '
എന്നു പറഞ്ഞ്
ഡോക്ടര്‍ മടങ്ങിയിട്ടും
അവന്‍
ന്ശ്ശബ്ദനായിരുന്നു.

തോളില്‍ കിടന്ന
തോര്‍ത്തു കൊണ്ട്
അവരെ പുതപ്പിച്ച്‌
രണ്ടു പേര്‍ക്കിടയില്‍
നന്നായിരുത്തി
ചൂട്ടുമിന്നും വെളിച്ചത്തില്‍
തിരച്ചു പാഞ്ഞപ്പോള്‍
ഓരിയിട്ടോടിയ
നായ്ക്കളെ നോക്കി
അവന്‍
എന്തോ പിറുപിറുത്തു .

ആശാരിയമ്മൂമ്മയെ
വാരിയെടുത്ത്
വീട്ടില്‍ കൊണ്ടുക്കിടത്തി
മടങ്ങിപ്പോരുമ്പോഴും
'ശരി പിന്നെക്കാണം'
എന്നല്ലാതെ
അവന്‍
മറ്റൊന്നും പറഞ്ഞില്ല.

ആശാരിയമ്മൂമ്മയുടെ
സഞ്ചയനത്തിന്‍
തലേന്ന് രാത്രിയില്‍
ആരോ വന്നു വിളിച്ചു
ആശുപത്രിയില്‍
പോകണം
ഷാജിക്കു സുഖമില്ല .

ആശാരിയമ്മൂമ്മേടെ
ചെറു മകന്‍
ഷാജിയേംകൊണ്ട്
ചൂട്ടുമിന്നും വെളിച്ചത്തില്‍
പല ആശുപത്രികള്‍ക്ക് മുന്നിലും
കയറിയിറങ്ങി ;
'ഇവിടെ പറ്റില്ല 'എല്ലാവരും പറഞ്ഞു.

വാറ്റ്‌ ചാരായവും
അവന്‍ കഴിച്ച വിഷപ്പഴവും
അവനെ ബോധത്തില്‍നിന്ന്
അകറ്റി നിര്‍ത്തി.

ഒടുവിലെത്തിയ
ആശുപത്രിയില്‍
കുടിപ്പിച്ച ഉപ്പുവെള്ളവും
കഴിച്ച ഒതളങ്ങയും
ഒറ്റതവണ മാത്രം
നീട്ടിഛര്‍ദ്ദിച്ചു.

പിന്നെപ്പിന്നെ
ഓരോ രാവിന്‍ തിരുവിലും നിന്ന്
ചൂട്ടുമിന്നുംവെളിച്ചത്തില്‍
അവന്റെ
കോങ്കണ്ണുകള്‍
എന്നെത്തന്നെ
തുറിച്ചു നോക്കുന്നത്
ഞാന്‍ അറിയുന്നു
എത്രയൊക്കെ
ഇറുക്കി
കണ്ണുകളടയ്ക്കിലും!

Saturday, May 2, 2009

ദ്വയം


ശരീരം
തുളകള്‍ വീണ
തുന്നി ചേര്‍ക്കുവാന്‍
ആവാത്ത ,
ഒളിപ്പിക്കുവാന്‍
ആകാത്ത
ജലച്ചായം

മനസ്സ്‌

കൂടില്ലാതെ
എവിടെയും
പാറിടും
എത്ര
തുളകളും
കാണാതെ
കാത്തിടും !

ചിറകുവേണ്ടാതെ
നന്മയോ
തിന്മയോ
ജലമോ
ആകാശമോ
എവിടെയും
എത്തിടും !

ആര്‍ക്കും
ദൃശ്യമല്ലാത്ത
മുഖപടം!