Sunday, September 16, 2012

പുസ്തകങ്ങള്‍

                                                         എന്‍റെ ആദ്യ പുസ്തകം

                                                         എന്‍റെ രണ്ടാം പുസ്തകം                      രണ്ടും പ്രസിദ്ധീകരിച്ചത് യുവമേള പബ്ലിക്കേഷന്‍ കൊല്ലം .3
 

Saturday, September 8, 2012

നടന നിദ്ര

നര്‍ത്തകീ ഉറങ്ങുക
ജലനടന രാവിന്‍
നിശബ്ദയാമങ്ങളെ
തൊട്ടിട്ടു പോവുക.

താഴ്വരകള്‍, മറവിയില്‍
മലനിരകള്‍ ഓര്‍മ്മയില്‍
ഒരു നൂപുരത്തിന്റെ
ചെറുചിരികള്‍ ചിതറവേ

ഇരുളിലരുള്‍ തേടി നീ
എറിയും ചിലങ്കയില്‍
ഒരു മാനസത്തിന്റെ
കണ്ണുനീര്‍ മുത്തുകള്‍

കവിതയില്‍ കോര്‍ത്തതാം
ചുവടുകള്‍ പ്രാണനില്‍
പരതുന്നതാം നിണം
തിരളുന്ന ചിന്തയില്‍

നടനവേഗങ്ങളില്‍
തെളിയുന്ന പാപാന്ധ
വിസ്മൃതിയിലലയുന്ന
മൗനത്തിനൊച്ചയില്‍

ഇനിയുമൊരു വാക്കുമേ
മിണ്ടാതെ ചുംബന-
ച്ചുരികയില്‍ ചുറ്റി-
പ്പിടിക്കുന്ന പ്രാണിയായ്

അതിരുകള്‍ കതകി-
ന്നുമപ്പുറം കാതുചേര്‍-
ത്തിടരോടെ ഇടറുന്ന
നൃത്താന്ത്യ വേളയില്‍
നര്‍ത്തകീ ഉണരാ-
തിരിക്കരുത് നേര്‍മ്മയില്‍.

ഇനി വാക്ക്, വാക്കായുധം
നിലയറ്റ മൗനങ്ങള്‍
പൊയ്മുഖത്തിന്‍ ചിതല്‍
പുറ്റുകള്‍ തകര്‍ത്തിടാം.

നിലവിളി നിലാവില്‍-
ക്കലര്‍ന്നോരു രാവിന്റെ
നെറുകയില്‍ നിന്ന് നീ
നൂപുരം അണിയവേ
രാവിന്‍ കിളിപ്പാട്ടിനൊപ്പം
ചുവടുകള്‍ മഴ പോലെ,
ചെറുതിരി വളര്‍ന്നുഗ്ര-
ദീപമാകുന്ന പോല്‍
നിര്‍ത്താതെ നീയാടു-
മോരോ മൊടിപ്പിലും
കാറ്റില്‍പ്പിടഞ്ഞിടറി
വീഴുന്നു മേഘങ്ങള്‍.

പഴിയന്ധകാരത്തിലൊട്ടിപ്പിടിക്കുന്ന
പഴയതല്‍ല്ലാത്തതാം
ദുഃസ്വപ്നമൊക്കെയും
ഒട്ടും മറക്കാതിരിക്കുക
നര്‍ത്തകീയര്‍ദ്ധയാമത്തിന്‍
അനന്തമാം ശയ്യയില്‍.

ഇനി നീ ഉറങ്ങുക
ഒരു പ്രഭാതത്തിന്‍
വിരുന്നിനായെത്തുവാന്‍
ഇരയായ് മുറിഞ്ഞിടാ-
തുരഗമായ് ആടുവാന്‍
മകുടിക്ക് മുന്നില്‍
പതറാതെ പ്രാണന്റെ
ഒരോ മിടിപ്പിലും
വിഷദംശമേറ്റുവാന്‍.

നര്‍ത്തകീ ഉറങ്ങുക
നടനം കഴിഞ്ഞിരുള്‍
പൊലിയുന്നു, ചമയങ്ങള്‍
തെല്ലുമേ മായ്ക്കാതെ
ചിലങ്കകളഴിക്കാതെ.

Saturday, September 1, 2012

നിഴല്‍വിളിക്കുന്ന്‍

ഈ വഴി മറയുന്ന വളവിന്നുമപ്പുറം
നിഴല്‍വിളിക്കുന്നിന്നു  തണല്‍ പെയ്തുനില്‍ക്കുന്നു
വെയിലുമാകാശവും ഒരുപോലെ  പൊള്ളുന്ന
വേളയില്‍ മാടിവിളിക്കുന്നു സാദരം .

ദുരിതകാലങ്ങള്‍ക്ക്  വിടചൊല്ലിയല്പമീ
നിഴല്‍വിളി ക്കുന്നിന്‍റെ  മടിയില്‍ ഇരിക്കുകില്‍
തണലാകും  ഏതുതകര്‍ന്ന മനസ്സി നും
തളരാതെയേറെ നടക്കുവാന്‍ പിന്നെയും.

ഒരുനാളും അണയാത്ത കിണറൊന്നു  ഹൃദയത്തില്‍
നിധിപോലെ കാക്കുന്നു നിഴല്‍വിളിക്കുന്നെന്നും
ഒരു തടാകത്തിന്‍റെ നീര്‍വേരിലൂടതില്‍ 
നിലയാതെ നിറയുന്നു ദാഹമാകറ്റുവാന്‍.

ഏതുകാലത്തിന്‍റെ കരുണയാ ലാണിവന്‍
നിഴല്‍വിളി ക്കുന്നിന്‍റെ ശിരസ്സില്‍ തൊടുന്നത്
എതുമനസ്സിന്‍റെ നന്മയാല്‍ ആണിന്നും
നിഴല്‍വിളി ക്കുന്നില്‍ തണല്‍ പൂത്തുനില്‍പ്പത് ?

 കിളികള്‍ക്ക് പര്‍ക്കുവാനിടമുണ്ട് ശലഭങ്ങള്‍
പാറി പറന്നിടും ഭയമെതുമില്ലാതെ
 നിഴല്‍വിളി ക്കുന്നിന്‍റെ കഥ ചൊന്നു തന്നിടാന്‍
പഴയോരു മുത്തശ്ശിപ്പാട്ടുണ്ട് കാറ്റിലും.

ഓടിക്കളിക്കുന്ന കുട്ടികള്‍ക്കല്‍പ്പവും
കലഹമേയില്ലമ്മ ചേര്‍ത്തു നിര്‍ത്തുന്നപോല്‍
മേയാന്‍ വരുന്ന കിടാങ്ങള്‍ക്കു പോലുമി
 നിഴല്‍വിളി ക്കുന്നില്‍ കുറുമ്പില്ല  ശാട്യവും .

വാളേന്തിയെത്തുന്ന  ക്രൂരയുവക്കള്‍ക്കും
വാളോങ്ങിയലറു വാന്‍  ആകില്ല നിശ്ചയം .
ഖോരവനത്തിലെ ക്രൂരരാജവിനും
നിഴല്‍വിളി ക്കുന്നിതില്‍ ചെറുപൂവുപോല്‍ നിറം.

വരുമിവിടെ അന്യോന്യം ഏകുവാന്‍ തീവ്രമാം
ജീവിതത്തിന്‍റെതാം  മാലുകള്‍ കോര്‍ക്കുവാന്‍
നിഴല്‍വിളി ക്കുന്നിതില്‍ വന്നുപോകുന്നവര്‍
നിറവാര്‍ന്ന മോഹങ്ങളൊത്താണ്   പോവുക.

 നിഴല്‍വിളി ക്കുന്നിലേ ക്കാ ഇനി  എത്തുവാന്‍
വരുമേറെയാളുകള്‍ എന്നത് നിശ്ചയം
ഭീതി നിറഞ്ഞ മനസ്സുകള്‍ എങ്ങനെ
സാന്ത്വനം തേടി വരാതെയിരിക്കുക  .

നിഴല്‍വിളി ക്കുന്നിന്‍റെ ഹൃദയം പിടയുന്നു
അതിരുകള്‍ക്കപ്പുറം അലമുറകേള്‍ക്കവേ
നിലവിളിക്കുന്നുകള്‍ ഇല്ലാതെയാകുവാന്‍
നിഴല്‍വിളി ക്കുന്നിന്‍റെ  തണലേറ്റ് പോകണം .

നിഴല്‍വിളി ക്കുന്നുകള്‍ ഏറെയുണ്ടാകുവാന്‍
മഴുവെറിഞ്ഞ്  ഒന്നിച്ചു ചേരണം കയ്യുകള്‍
നിലവിളിക്കുന്നുകള്‍ ഇല്ലാതെയാകുവാന്‍
നിഴല്‍വിളി ക്കുന്നുകള്‍ മനസ്സിലു ണ്ടാവണം.

നിലവിളിക്കുന്നിലേക്കെത്തുന്നു  പിന്നെയും
പക്ഷികള്‍ മാലാഖമാരം കുരുന്നുകള്‍
അവരെയും നോക്കി നാം നിക്കുമ്പോള്‍ ഉള്ളിലും
നിലവിളിക്കുന്നുഗ്ര  നനവായ് തളിര്‍ത്തിടും .

Monday, August 20, 2012

ഉടല്‍ ഒരു വീട്


ഉടല്‍
ഒരു വീട്
ശമിക്കാത്ത ഉഷ്ണം
വിരുന്നു കാരന്
വിശ്രമ താവളം

ഉടല്‍ ചിലപ്പോള്‍
മറു ഭൂമി
ഉരഗങ്ങള്‍
പൊള്ളി വീഴുമിടം

ഉടല്‍ പലര്‍ക്ക്
ഉയര്‍ച്ച
താഴ്ച
ചിലര്‍ക്ക്
ഭാരം.

ഉടല്‍ പങ്കുവച്ചവാന്‍
ആര്‍ക്കൊക്കെയോ
സാന്ത്വനം .

ഉടല്‍
ഒരു വീട്
അന്നം
ഉണര്‍ച്ച.

ഉടല്‍
വീട്
ഉറങ്ങാത്തവര്‍ക്ക്
ഉറങ്ങുവോര്‍ക്ക്
ദേവാലയം
ഒടുങ്ങാത്ത തണുപ്പ്.
Sunday, July 1, 2012

മൊളോമ്പുളീം

എത്രനേരമായ്‌,
ഇവൾ
മൊബൈൽ
കാതിൽനിന്നു
മാറ്റിവന്നെങ്കിൽ
കൊച്ചുവർത്താന-
മെന്തേലും
പറഞ്ഞൽപ്പമിരിക്കാരുന്നു.

അപ്പുറത്തുണ്ടവടെയക്കൻ
ഇന്നുവെച്ചു കഴിച്ച സൂപ്പർ
കറിക്കൊതിപ്പൊതിയഴിച്ച്‌
ഇളയവളുടെ വായിൽ
ആലപ്പുഴക്കടലിലോടും
കപ്പലൊന്നിനെ
വഴിതിരിക്കുന്നു!

"മതിയെടീ ബിന്ദു
പറയാതിങ്ങനെ
പുളുവടിച്ചെന്റെ
കൊതിപെരുക്കാതെ !
ഇനിയുമായാൽ നീ
വയറിളകിടും."

കൊതിക്കെറുവോടെ
പറഞ്ഞവൾ
ഇന്ദുല
വിളിച്ചുവെന്നെ
'കേട്ടോ മനുഷ്യാ
ഈ വയറിയൊണ്ടാക്കി
കഴിച്ചതെന്താന്ന്
എളുപ്പമുണ്ടാക്കാം
അടിപൊളിരുചി
എടങ്ങഴിച്ചോറ്‌
അറിയാണ്ടകത്താകും.'

നീട്ടിയുടൻ തന്നെ
എനിക്കുനേരേ
മൊബൈൽ
കേട്ടുപഠിച്ചുടൻ
ചോറുണ്ടിടാൻ.

അക്കരെ നിന്നും
കേൾക്കയായ്‌
അക്കന്റെയരുൾമൊഴി;
'നിങ്ങക്കവിടെ
പുളിയില്ലേ?'

ഒണ്ടേ

"എന്നാകൊറച്ചു
ഉള്ളീംകൂടെടുക്കുക,
ഉള്ളി പൊളിച്ചു
ചതയ്ക്കുക
പുളിയെപ്പിഴിഞ്ഞിട്ടൊഴിക്കുക
ഉപ്പും മുളകും
കലർത്തുക
നന്നായ്‌ കലർത്തി
ചെലുത്തുക"
ബിന്ദു നിർത്തുന്നു;

ഇന്ദുലേ ചോറെടുക്ക്‌ !
മനസ്സുരുവിട്ടിടുന്നു
അയ്യോ പണ്ടുകേട്ട
'മോളോമ്പുളീം'
ഇന്നൽപ്പം
ഏറെ
ഉണ്ടിട്ടു തന്നെ കാര്യം
അടിവയറ്റിലൂടൊരു
കപ്പൽ
തേടി മറയുന്നു
ജലാശയം!


Saturday, June 9, 2012

കോട്ടേ കായലിന് ഒരു അക്ഷര പൊതി

കടലമ്മ കാണാതെ
മഴയുടെ കുഞ്ഞുങ്ങള്‍
ഉറങ്ങാന്‍ വരാറുണ്ട് ,
എട്ടമീനുകള്‍ക്ക്
കഥ പറഞ്ഞു കൊടുക്കാറുണ്ട് .
ഇരണ്ടകള്‍
പരലുകള്‍ക്ക്‌ പിന്നാലെ
മുങ്ങാങ്കുഴിയിട്ട്
മന്ത്രികരകാറുണ്ട് .

അമ്പലപ്പടവിറങ്ങി
കുരങ്ങന്‍മാര്‍
കണ്ണാടി നോക്കാറുണ്ട് .
കുട്ടികള്‍
നീന്തി തുടിക്കാറുണ്ട് .

ഒരാള്‍
കരയില്‍
ചെടികള്‍
നാട്ടു വളര്‍ത്താറുണ്ട് .

അന്തിവെയില്‍പ്പരപ്പിലൂടൊരു
പൊന്മാന്‍
പാറി ഇറങ്ങുമ്പോള്‍
സ്വര്‍ണ ജലത്തില്‍
ചിരിക്കുന്ന
സൂര്യനെ
കൊഞ്ഞനം കുത്താറുണ്ട്
ഏതോ ഒരു പെണ്‍കുട്ടി .

ബാല്യ കൌമാരങ്ങളില്‍
നിസ്സാറൊത്തു
ചെറു കല്ലുകൊണ്ട്
കൊഞ്ച് തെറിപ്പിച്ചിട്ടുണ്ട്
ഉല്‍ക്കമഴ കണ്ടൊരു
പതിരവ് കടന്നിട്ടുണ്ട് .

ഒരുവനും ലഹരിക്കും ഒപ്പം
കവിതകൊണ്ടിരുന്നിട്ടുണ്ട്  .

കൂട്ട് നിന്ന കുന്നുകള്‍
കളവു പോകാറുണ്ട്
കൊട്ടേ കായല്‍
ഇടയ്ക്കൊക്കെ
വറ്റി വരളാറുണ്ട്
എങ്കിലും എത്രപേര്‍
പ്രാണ ജലം
തൊട്ടെടുക്കാറുണ്ട്

എത്ര കാലങ്ങള്‍ താണ്ടി
പുനര്‍ജനിയേകുന്നുണ്ട്
ഒറ്റജന്മം കൊണ്ട്
മരണ ഭയമില്ലാതെ
എന്നേലും എത്തേണ്ട
നൂറു ജന്മങ്ങളെ
കത്തുകിടക്കുണ്ട്
ഇവള്‍ മൃത്യുഞ്ജയ
എന്റെ ശാസ് താംകോട്ട തടാകം !

ജൂണ്‍ മഴ പള്ളിക്കൂടം

ഒന്ന് 

കലണ്ടറില്‍   നിന്നും
കറുത്ത പക്ഷികള്‍
കരിയടുപ്പിലേ-
ക്കടര്‍ന്നു വീഴുന്നു ......
........................
.........................
ഇടം കൈയ്യില്‍ ചാമ്പല്‍
കുടവുമായ്  നഗ്ന
പുരോഹിതന്‍ നിന്നു
മഴ കുടിക്കുന്നു .
   (ബാലചന്ദ്രന്‍ ചുള്ളിക്കാടു - ജൂണ്‍)


    വിരഹ മാസത്തേക്കാള്‍ അറുപത്തൊന്നു  ദിവസം ഇളയവള്‍ . കവികള്‍ എഴുത്തുകാര്‍ ഏറെ പ്രണയിച്ച മാസം .ജൂണ്‍, പ്രതീക്ഷയുടെ , സ്വപ്നങ്ങളുടെ കാലമാണ്  . അവളുടെ വരവിനായ് കാത്തിരിക്കുന്നവര്‍ ഒരുക്കം നടത്തുന്നവര്‍ ഏറെ ,ഏറെയാണ്‌ .പ്രിയ കൂട്ടുകാരാ നിനക്ക് ഓര്‍മ്മയില്ലേ പഴയ ജൂണ്‍ മാസങ്ങള്‍ ഒത്തുനടന്ന മഴ വഴികള്‍ .മഴ നനഞ്ഞ വരാലും കുഞ്ഞുങ്ങളും. അതെ നീ ഓര്‍ക്കുന്നു നിനക്കും മറക്കുവാനാവില്ല ജൂണ്‍ മാസത്തെ. എനിക്കിപ്പോള്‍ കാത്തിരിപ്പിന്റെ കാലമാണിത് വീട്ടിലേക്കു ജൂണ്‍ എത്തുക ഒട്ടു വിടവിലൂടെ മുഖത്തും , മെയ്യിലും കിടക്കയിലും , പുസ്തകങ്ങളിലും , മനസിലേയ്ക്കും ചോര്‍ന്നു വീഴുന്ന മഴയ്ക്കൊപ്പമാണ്. ജൂണ്‍ എന്റെയും നിന്റെയും ഒപ്പം ആര്‍ക്കൊക്കെയോ പ്രിയപ്പെട്ട മാസം.

രണ്ടു

മഴ തൊടുമ്പോള്‍
നീ തൊട്ടപോലെയെന്‍
കരളിലാര്‍ദ്രമായ്
കുറുകുന്നു പ്രാവുകള്‍
വരിക നനയാം നടക്കാം
കുടപിടിക്കാതെ
ഒരു പാട് ദൂരം
വരിക നനയാം നടക്കാം
കുടപിടിക്കാതെ
ഒരുപാടു നേരം .
     (എം.സങ് - മഴ തൊടുമ്പോള്‍ )

 മഴ ജൂണിന്റെ പ്രിയ പുത്രി ഒരു മഴക്കാലത്തെയെങ്കിലും ഓര്‍ക്കാത്ത , പ്രണയിക്കാത്ത , ചിലപ്പോളെങ്കിലും ശപിക്കാത്ത ആരാണ്  ഉണ്ടാവുക. ജൂണിലെ മഴകള്‍ അസ്വസ്ഥമായ മനസിനെ തണുപ്പാല്‍ ശമിപ്പിക്കാത്ത ഒരു സന്ധ്യയെങ്കിലും  ആര്‍ക്കാണ്  ഉണ്ടാവതിരിക്കുക . മഴയെ പ്രണയിക്കുന്ന കൂട്ടുകാരിയും ശപിക്കുന്ന അമ്മയും ,വീട് ചോര്‍ന്നു വസ്ത്രം നനയ്ക്കുമ്പോള്‍ ..ഛെ .. എന്ന് പരിഭവിക്കുന്ന പെങ്ങളും , മുന്നിലുണ്ടിപ്പോഴും . കൂട്ടുകാരാ നിനക്കും മഴ എന്തൊക്കെയോ അല്ലെ? ആ കരുതലുകള്‍ എന്നെയും നിന്നെയും മഴ നനഞ്ഞു നടക്കുവാന്‍ കലമ്പി കലങ്ങിയ കലക്കവെള്ളത്തില്‍ ചാടിക്കളിക്കുവാന്‍, തമ്മില്‍ തെറിപ്പിച്ചു കലഹിക്കുവാന്‍ എത്ര തവണയാണ്  പ്രേരിപ്പിച്ചിട്ടുള്ളത് .
     മഴയെനിക്കിന്നു സ്മരണകളുടെ  അനുഭൂതിയാണ് കാത്തിരിക്കുമ്പോള്‍ എത്താത്ത , പ്രതീക്ഷിക്കാതെ കടന്നു വരുന്ന , കൊതിച്ചു നില്‍ക്കുമ്പോള്‍ പറയാതെ മടങ്ങിപ്പോകുന്ന പ്രണയം പോലെയാണ് . അതെ അവള്‍ പറഞ്ഞത് പോലെ ലിപികളില്ലാത്ത പ്രണയമാണ് .

   മഴ ചിലപ്പോള്‍ അമ്മപോലെ , പെങ്ങള്‍ പോലെ , പെണ്ണിനെപ്പോലെ , ചിണുങ്ങും കുഞ്ഞിനെപ്പോലെ , ഓര്‍ക്കാതെ കുപിതനായ അച്ഛനെപ്പോലെയും .

മൂന്ന്  
 മുണ്ടാകപ്പടത്തൊതുങ്ങും
ഞണ്ടിന്റെ ജീവിതം ചൊല്ല്
പച്ചമലയാള തോറ്റം
തെറ്റാതറയ്ക്കാതെ ചൊല്ല്
തെങ്ങിന്റെ ഇളം കൊല പോലെ
നെല്ലിടിക്കും ചിന്തു ചൊല്ല്
പാടവരമ്പില്‍ തിളയ്ക്കും
നാടോടി നോവുകള്‍ ചൊല്ല് .

    (കുരീപ്പുഴ ശ്രീകുമാര്‍ - പള്ളിക്കൂടം )
ജൂണിന്റെ തലേന്ന് മഴ മണക്കുന്ന പുത്തന്‍ പുസ്തകങ്ങളുമായ്  പടി കടന്നു വരുന്ന അച്ഛന്‍ .. അതാ ! പാടവരമ്പിലൂടെ , കാലുറയ്ക്കാത്ത പഞ്ചാര മണലിലൂടെ ആ കൈ പിടിച്ചു , പുത്തന്‍ പുസ്തകങ്ങളും , സ്ലേറ്റും ,കല്ല്‌ പെന്‍സിലും അമ്മ മെടഞ്ഞു തന്ന പ്ലാസ്ടിക്കു സഞ്ചിയില്‍ തിരുകി പുത്തന്‍ കുടപിടിച്ച് ഗമയോടെ ആദ്യമായ് മഴയ്ക്കൊപ്പം ജൂണിന്റെ വിരലിലൂടെ പള്ളിക്കൂടത്തിലേക്ക് കുഞ്ഞു കാലുകള്‍ പിച്ച വയ്ക്കുന്നു . പുത്തന്‍ പ്രതീക്ഷകള്‍ , നൊമ്പരങ്ങള്‍ , അമിതമായ സന്തോഷങ്ങള്‍ എന്തെല്ലാം ഇവിടെ ഒത്തു കൂടുന്നു . കുട്ടികള്‍ ഏറിഞ്ഞുടച്ച ഓടുകള്‍ക്കിടയിലൂടെ വീട്ടിലെപ്പോലെ മഴ പുസ്തകങ്ങള്‍ നനയ്ക്കുന്നു. കാത്തിരുന്ന ദിനങ്ങളെത്തി , ജൂനും മഴയും  പള്ളിക്കൂടവും കുട്ടികളെ പ്പോലെ  ഓത്തു കൂടുന്നു സ്കൂള്‍ മുറ്റത്തെ ചെളിവെള്ളത്തില്‍ ഏതോ കുട്ടി ചമച്ചിട്ടൊരു കടലാസുവള്ളം മഴയുടെ മുത്തങ്ങള്‍ ഏറ്റേറ്റ്  ആരയോ കാത്തുകിടക്കുന്നു .ഒരു കുഞ്ഞു  വിരല്ത്തുമ്പിനെ, ഉറുമ്പുകളെ , വീണ്ടും വരാവുന്ന മടങ്ങിപ്പോകാത്ത മഴയെ.........

 

Monday, May 14, 2012

വഴി

 ചേര്‍ത്ത് നിര്‍ത്തി 
കൈകള്‍  ബന്ധിച്ചു 
ചോദിച്ചു 
സ്വര്‍ഗതിപ്പോണോ ?
നരഗത്തില്‍പ്പോണോ?
പോകാത്തിടത്  
പോകാന്‍ 
പേടിയായതിനാല്‍ 
മൂന്നാം വളവിനപ്പുറമുള്ള 
ബിവരറേജസിലെക്കുള്ള 
വഴി തന്നെ പറഞ്ഞു കൊടുത്തു.
പറ്റുമെങ്കില്‍ 
ഒന്നിച്ചൊന്നു 
കൂടല്ലോ .