നര്‍ത്തകീ ഉറങ്ങുക
ജലനടന രാവിന്‍
നിശബ്ദയാമങ്ങളെ
തൊട്ടിട്ടു പോവുക.
താഴ്വരകള്‍, മറവിയില്‍
മലനിരകള്‍ ഓര്‍മ്മയില്‍
ഒരു നൂപുരത്തിന്റെ
ചെറുചിരികള്‍ ചിതറവേ
ഇരുളിലരുള്‍ തേടി നീ
എറിയും ചിലങ്കയില്‍
ഒരു മാനസത്തിന്റെ
കണ്ണുനീര്‍ മുത്തുകള്‍
കവിതയില്‍ കോര്‍ത്തതാം
ചുവടുകള്‍ പ്രാണനില്‍
പരതുന്നതാം നിണം
തിരളുന്ന ചിന്തയില്‍
നടനവേഗങ്ങളില്‍
തെളിയുന്ന പാപാന്ധ
വിസ്മൃതിയിലലയുന്ന
മൗനത്തിനൊച്ചയില്‍
ഇനിയുമൊരു വാക്കുമേ
മിണ്ടാതെ ചുംബന-
ച്ചുരികയില്‍ ചുറ്റി-
പ്പിടിക്കുന്ന പ്രാണിയായ്
അതിരുകള്‍ കതകി-
ന്നുമപ്പുറം കാതുചേര്‍-
ത്തിടരോടെ ഇടറുന്ന
നൃത്താന്ത്യ വേളയില്‍
നര്‍ത്തകീ ഉണരാ-
തിരിക്കരുത് നേര്‍മ്മയില്‍.
ഇനി വാക്ക്, വാക്കായുധം
നിലയറ്റ മൗനങ്ങള്‍
പൊയ്മുഖത്തിന്‍ ചിതല്‍
പുറ്റുകള്‍ തകര്‍ത്തിടാം.
നിലവിളി നിലാവില്‍-
ക്കലര്‍ന്നോരു രാവിന്റെ
നെറുകയില്‍ നിന്ന് നീ
നൂപുരം അണിയവേ
രാവിന്‍ കിളിപ്പാട്ടിനൊപ്പം
ചുവടുകള്‍ മഴ പോലെ,
ചെറുതിരി വളര്‍ന്നുഗ്ര-
ദീപമാകുന്ന പോല്‍
നിര്‍ത്താതെ നീയാടു-
മോരോ മൊടിപ്പിലും
കാറ്റില്‍പ്പിടഞ്ഞിടറി
വീഴുന്നു മേഘങ്ങള്‍.
പഴിയന്ധകാരത്തിലൊട്ടിപ്പിടിക്കുന്ന
പഴയതല്‍ല്ലാത്തതാം
ദുഃസ്വപ്നമൊക്കെയും
ഒട്ടും മറക്കാതിരിക്കുക
നര്‍ത്തകീയര്‍ദ്ധയാമത്തിന്‍
അനന്തമാം ശയ്യയില്‍.
ഇനി നീ ഉറങ്ങുക
ഒരു പ്രഭാതത്തിന്‍
വിരുന്നിനായെത്തുവാന്‍
ഇരയായ് മുറിഞ്ഞിടാ-
തുരഗമായ് ആടുവാന്‍
മകുടിക്ക് മുന്നില്‍
പതറാതെ പ്രാണന്റെ
ഒരോ മിടിപ്പിലും
വിഷദംശമേറ്റുവാന്‍.
നര്‍ത്തകീ ഉറങ്ങുക
നടനം കഴിഞ്ഞിരുള്‍
പൊലിയുന്നു, ചമയങ്ങള്‍
തെല്ലുമേ മായ്ക്കാതെ
ചിലങ്കകളഴിക്കാതെ.
:)
ReplyDelete