Friday, June 27, 2014

നിശ്ശബ്ദത

നിശ്ശബ്ദത
നിശ്ചലതയോടു
ചോദിച്ചു
നിനക്ക്
എങ്ങനെ
നിശ്ചലമാകാൻ
കഴിയുന്നു?

നിശ്ചലത
നിശ്ശബ്ദതയോടു
ചോദിച്ചു
നിനക്കെങ്ങനെ
നിശ്ശബ്ദമാകാൻ
കഴിയുന്നു?

അരികില്‍
നിശ്ശബ്ദയായി
ഇരുന്ന
ഒരു ചീവീട്
മനസ്സില്‍
പറഞ്ഞു
കഷ്ടം!

Saturday, January 19, 2013

പ്രാര്‍ത്ഥന

ഒരു
ഒന്നാം തിയതിയും
ഞായറാഴ്ച  ആകാതിരിക്കട്ടെ

Sunday, September 16, 2012

പുസ്തകങ്ങള്‍

                                                         എന്‍റെ ആദ്യ പുസ്തകം





                                                         എന്‍റെ രണ്ടാം പുസ്തകം



                      രണ്ടും പ്രസിദ്ധീകരിച്ചത് യുവമേള പബ്ലിക്കേഷന്‍ കൊല്ലം .3
 

Saturday, September 8, 2012

നടന നിദ്ര

നര്‍ത്തകീ ഉറങ്ങുക
ജലനടന രാവിന്‍
നിശബ്ദയാമങ്ങളെ
തൊട്ടിട്ടു പോവുക.

താഴ്വരകള്‍, മറവിയില്‍
മലനിരകള്‍ ഓര്‍മ്മയില്‍
ഒരു നൂപുരത്തിന്റെ
ചെറുചിരികള്‍ ചിതറവേ

ഇരുളിലരുള്‍ തേടി നീ
എറിയും ചിലങ്കയില്‍
ഒരു മാനസത്തിന്റെ
കണ്ണുനീര്‍ മുത്തുകള്‍

കവിതയില്‍ കോര്‍ത്തതാം
ചുവടുകള്‍ പ്രാണനില്‍
പരതുന്നതാം നിണം
തിരളുന്ന ചിന്തയില്‍

നടനവേഗങ്ങളില്‍
തെളിയുന്ന പാപാന്ധ
വിസ്മൃതിയിലലയുന്ന
മൗനത്തിനൊച്ചയില്‍

ഇനിയുമൊരു വാക്കുമേ
മിണ്ടാതെ ചുംബന-
ച്ചുരികയില്‍ ചുറ്റി-
പ്പിടിക്കുന്ന പ്രാണിയായ്

അതിരുകള്‍ കതകി-
ന്നുമപ്പുറം കാതുചേര്‍-
ത്തിടരോടെ ഇടറുന്ന
നൃത്താന്ത്യ വേളയില്‍
നര്‍ത്തകീ ഉണരാ-
തിരിക്കരുത് നേര്‍മ്മയില്‍.

ഇനി വാക്ക്, വാക്കായുധം
നിലയറ്റ മൗനങ്ങള്‍
പൊയ്മുഖത്തിന്‍ ചിതല്‍
പുറ്റുകള്‍ തകര്‍ത്തിടാം.

നിലവിളി നിലാവില്‍-
ക്കലര്‍ന്നോരു രാവിന്റെ
നെറുകയില്‍ നിന്ന് നീ
നൂപുരം അണിയവേ
രാവിന്‍ കിളിപ്പാട്ടിനൊപ്പം
ചുവടുകള്‍ മഴ പോലെ,
ചെറുതിരി വളര്‍ന്നുഗ്ര-
ദീപമാകുന്ന പോല്‍
നിര്‍ത്താതെ നീയാടു-
മോരോ മൊടിപ്പിലും
കാറ്റില്‍പ്പിടഞ്ഞിടറി
വീഴുന്നു മേഘങ്ങള്‍.

പഴിയന്ധകാരത്തിലൊട്ടിപ്പിടിക്കുന്ന
പഴയതല്‍ല്ലാത്തതാം
ദുഃസ്വപ്നമൊക്കെയും
ഒട്ടും മറക്കാതിരിക്കുക
നര്‍ത്തകീയര്‍ദ്ധയാമത്തിന്‍
അനന്തമാം ശയ്യയില്‍.

ഇനി നീ ഉറങ്ങുക
ഒരു പ്രഭാതത്തിന്‍
വിരുന്നിനായെത്തുവാന്‍
ഇരയായ് മുറിഞ്ഞിടാ-
തുരഗമായ് ആടുവാന്‍
മകുടിക്ക് മുന്നില്‍
പതറാതെ പ്രാണന്റെ
ഒരോ മിടിപ്പിലും
വിഷദംശമേറ്റുവാന്‍.

നര്‍ത്തകീ ഉറങ്ങുക
നടനം കഴിഞ്ഞിരുള്‍
പൊലിയുന്നു, ചമയങ്ങള്‍
തെല്ലുമേ മായ്ക്കാതെ
ചിലങ്കകളഴിക്കാതെ.

Saturday, September 1, 2012

നിഴല്‍വിളിക്കുന്ന്‍

ഈ വഴി മറയുന്ന വളവിന്നുമപ്പുറം
നിഴല്‍വിളിക്കുന്നിന്നു  തണല്‍ പെയ്തുനില്‍ക്കുന്നു
വെയിലുമാകാശവും ഒരുപോലെ  പൊള്ളുന്ന
വേളയില്‍ മാടിവിളിക്കുന്നു സാദരം .

ദുരിതകാലങ്ങള്‍ക്ക്  വിടചൊല്ലിയല്പമീ
നിഴല്‍വിളി ക്കുന്നിന്‍റെ  മടിയില്‍ ഇരിക്കുകില്‍
തണലാകും  ഏതുതകര്‍ന്ന മനസ്സി നും
തളരാതെയേറെ നടക്കുവാന്‍ പിന്നെയും.

ഒരുനാളും അണയാത്ത കിണറൊന്നു  ഹൃദയത്തില്‍
നിധിപോലെ കാക്കുന്നു നിഴല്‍വിളിക്കുന്നെന്നും
ഒരു തടാകത്തിന്‍റെ നീര്‍വേരിലൂടതില്‍ 
നിലയാതെ നിറയുന്നു ദാഹമാകറ്റുവാന്‍.

ഏതുകാലത്തിന്‍റെ കരുണയാ ലാണിവന്‍
നിഴല്‍വിളി ക്കുന്നിന്‍റെ ശിരസ്സില്‍ തൊടുന്നത്
എതുമനസ്സിന്‍റെ നന്മയാല്‍ ആണിന്നും
നിഴല്‍വിളി ക്കുന്നില്‍ തണല്‍ പൂത്തുനില്‍പ്പത് ?

 കിളികള്‍ക്ക് പര്‍ക്കുവാനിടമുണ്ട് ശലഭങ്ങള്‍
പാറി പറന്നിടും ഭയമെതുമില്ലാതെ
 നിഴല്‍വിളി ക്കുന്നിന്‍റെ കഥ ചൊന്നു തന്നിടാന്‍
പഴയോരു മുത്തശ്ശിപ്പാട്ടുണ്ട് കാറ്റിലും.

ഓടിക്കളിക്കുന്ന കുട്ടികള്‍ക്കല്‍പ്പവും
കലഹമേയില്ലമ്മ ചേര്‍ത്തു നിര്‍ത്തുന്നപോല്‍
മേയാന്‍ വരുന്ന കിടാങ്ങള്‍ക്കു പോലുമി
 നിഴല്‍വിളി ക്കുന്നില്‍ കുറുമ്പില്ല  ശാട്യവും .

വാളേന്തിയെത്തുന്ന  ക്രൂരയുവക്കള്‍ക്കും
വാളോങ്ങിയലറു വാന്‍  ആകില്ല നിശ്ചയം .
ഖോരവനത്തിലെ ക്രൂരരാജവിനും
നിഴല്‍വിളി ക്കുന്നിതില്‍ ചെറുപൂവുപോല്‍ നിറം.

വരുമിവിടെ അന്യോന്യം ഏകുവാന്‍ തീവ്രമാം
ജീവിതത്തിന്‍റെതാം  മാലുകള്‍ കോര്‍ക്കുവാന്‍
നിഴല്‍വിളി ക്കുന്നിതില്‍ വന്നുപോകുന്നവര്‍
നിറവാര്‍ന്ന മോഹങ്ങളൊത്താണ്   പോവുക.

 നിഴല്‍വിളി ക്കുന്നിലേ ക്കാ ഇനി  എത്തുവാന്‍
വരുമേറെയാളുകള്‍ എന്നത് നിശ്ചയം
ഭീതി നിറഞ്ഞ മനസ്സുകള്‍ എങ്ങനെ
സാന്ത്വനം തേടി വരാതെയിരിക്കുക  .

നിഴല്‍വിളി ക്കുന്നിന്‍റെ ഹൃദയം പിടയുന്നു
അതിരുകള്‍ക്കപ്പുറം അലമുറകേള്‍ക്കവേ
നിലവിളിക്കുന്നുകള്‍ ഇല്ലാതെയാകുവാന്‍
നിഴല്‍വിളി ക്കുന്നിന്‍റെ  തണലേറ്റ് പോകണം .

നിഴല്‍വിളി ക്കുന്നുകള്‍ ഏറെയുണ്ടാകുവാന്‍
മഴുവെറിഞ്ഞ്  ഒന്നിച്ചു ചേരണം കയ്യുകള്‍
നിലവിളിക്കുന്നുകള്‍ ഇല്ലാതെയാകുവാന്‍
നിഴല്‍വിളി ക്കുന്നുകള്‍ മനസ്സിലു ണ്ടാവണം.

നിലവിളിക്കുന്നിലേക്കെത്തുന്നു  പിന്നെയും
പക്ഷികള്‍ മാലാഖമാരം കുരുന്നുകള്‍
അവരെയും നോക്കി നാം നിക്കുമ്പോള്‍ ഉള്ളിലും
നിലവിളിക്കുന്നുഗ്ര  നനവായ് തളിര്‍ത്തിടും .

Monday, August 20, 2012

ഉടല്‍ ഒരു വീട്


ഉടല്‍
ഒരു വീട്
ശമിക്കാത്ത ഉഷ്ണം
വിരുന്നു കാരന്
വിശ്രമ താവളം

ഉടല്‍ ചിലപ്പോള്‍
മറു ഭൂമി
ഉരഗങ്ങള്‍
പൊള്ളി വീഴുമിടം

ഉടല്‍ പലര്‍ക്ക്
ഉയര്‍ച്ച
താഴ്ച
ചിലര്‍ക്ക്
ഭാരം.

ഉടല്‍ പങ്കുവച്ചവാന്‍
ആര്‍ക്കൊക്കെയോ
സാന്ത്വനം .

ഉടല്‍
ഒരു വീട്
അന്നം
ഉണര്‍ച്ച.

ഉടല്‍
വീട്
ഉറങ്ങാത്തവര്‍ക്ക്
ഉറങ്ങുവോര്‍ക്ക്
ദേവാലയം
ഒടുങ്ങാത്ത തണുപ്പ്.




Sunday, July 1, 2012

മൊളോമ്പുളീം

എത്രനേരമായ്‌,
ഇവൾ
മൊബൈൽ
കാതിൽനിന്നു
മാറ്റിവന്നെങ്കിൽ
കൊച്ചുവർത്താന-
മെന്തേലും
പറഞ്ഞൽപ്പമിരിക്കാരുന്നു.

അപ്പുറത്തുണ്ടവടെയക്കൻ
ഇന്നുവെച്ചു കഴിച്ച സൂപ്പർ
കറിക്കൊതിപ്പൊതിയഴിച്ച്‌
ഇളയവളുടെ വായിൽ
ആലപ്പുഴക്കടലിലോടും
കപ്പലൊന്നിനെ
വഴിതിരിക്കുന്നു!

"മതിയെടീ ബിന്ദു
പറയാതിങ്ങനെ
പുളുവടിച്ചെന്റെ
കൊതിപെരുക്കാതെ !
ഇനിയുമായാൽ നീ
വയറിളകിടും."

കൊതിക്കെറുവോടെ
പറഞ്ഞവൾ
ഇന്ദുല
വിളിച്ചുവെന്നെ
'കേട്ടോ മനുഷ്യാ
ഈ വയറിയൊണ്ടാക്കി
കഴിച്ചതെന്താന്ന്
എളുപ്പമുണ്ടാക്കാം
അടിപൊളിരുചി
എടങ്ങഴിച്ചോറ്‌
അറിയാണ്ടകത്താകും.'

നീട്ടിയുടൻ തന്നെ
എനിക്കുനേരേ
മൊബൈൽ
കേട്ടുപഠിച്ചുടൻ
ചോറുണ്ടിടാൻ.

അക്കരെ നിന്നും
കേൾക്കയായ്‌
അക്കന്റെയരുൾമൊഴി;
'നിങ്ങക്കവിടെ
പുളിയില്ലേ?'

ഒണ്ടേ

"എന്നാകൊറച്ചു
ഉള്ളീംകൂടെടുക്കുക,
ഉള്ളി പൊളിച്ചു
ചതയ്ക്കുക
പുളിയെപ്പിഴിഞ്ഞിട്ടൊഴിക്കുക
ഉപ്പും മുളകും
കലർത്തുക
നന്നായ്‌ കലർത്തി
ചെലുത്തുക"
ബിന്ദു നിർത്തുന്നു;

ഇന്ദുലേ ചോറെടുക്ക്‌ !
മനസ്സുരുവിട്ടിടുന്നു
അയ്യോ പണ്ടുകേട്ട
'മോളോമ്പുളീം'
ഇന്നൽപ്പം
ഏറെ
ഉണ്ടിട്ടു തന്നെ കാര്യം
അടിവയറ്റിലൂടൊരു
കപ്പൽ
തേടി മറയുന്നു
ജലാശയം!