Thursday, April 30, 2009

യാത്ര

എവിടേക്ക്
എന്നില്ലാതെ
വെറുതെ
പോകണം
ഒരു യാത്ര !

ഒന്നും
പറയാതെ
മടക്കം
എപ്പൊഴെന്ന്
അറിയാതെ!

യാത്രകള്‍
ഓര്‍മ്മകളിലേക്കോ
ഒടുങ്ങാത്ത
കണ്ണുനീരിലേക്കോ!

എങ്കിലും
എനിക്കാവുകില്ല
മടങ്ങാതിരിക്കുവാന്‍
ചിരികളില്‍
നനയാതിരിക്കുവാന്‍.


Saturday, April 25, 2009

തെരുവിലെ പാട്ടുകാരി


അന്നാതെരുവിന്റെ
അങ്ങേത്തലയ്ക്കലായ്
നിന്നവള്‍ പാട്ടുപാടി
തെരുവിലെ പാട്ടുകാരി
അവളാ തെരുവിന്റെ കൂട്ടുകാരി.


പല നാടുകള്‍ താണ്ടി വന്നിടുന്നു
പല ഭാഷകള്‍ അവള്‍ പറഞ്ഞിടുന്നു
പകലുകള്‍
പാടി നടന്നിടുന്നു
പഥികയവള്‍ തെരുവില്‍ മയങ്ങിടുന്നു.


എവിടെയാണവളുടെ നാടെന്ന് ചോദിച്ചാല്‍
ഉലകമാണെന്നുടന്‍ ഉത്തരം തന്നിടും
ഉണര്‍വോടെ ഊരുചുറ്റീടുമവള്‍തന്‍റെ
പെട്ടിയില്‍ ശ്രുതിയിട്ടു പാടിടും.


അമ്മ തന്‍ മുലയുടെ രുചി അറിയാത്തവള്‍
അച്ഛന്റെ നെഞ്ഞിലെ ചൂടറിയാത്തവള്‍
ഈശ്വര ഗീതികള്‍ നിത്യവും പടുവോള്‍
ഈശ്വരനെ തേടിയെങ്ങുമലയുവോള്‍ .


യാത്രയ്ക്ക് വണ്ടികള്‍ വന്നു നിരന്നിടും
യാത്രികര്‍ക്കൊപ്പമായ് അവളും കയറിടും
ആര്‍ത്തയായ് നിന്നവള്‍ പാട്ടുകള്‍ പാടിടും
അര്‍ദ്രതയോടവര്‍ അവളെ ദര്‍ശ്ശിച്ചിടും .


എന്നുമാ തെരുവിന്റെ കോണിലായ് നിന്നവള്‍
എണ്ണിപ്പറക്കിടും നാണയത്തുട്ടുകള്‍
പതിയെ നടന്നീടു മൊഴിയാതെ
പരിഭവമില്ലാതെ പാല്‍ .


പതിവുകള്‍ തെറ്റിച്ചിടാതവള്‍ വന്നിടും
പകലോന്‍ മറയും വരെയും അലഞ്ഞിടും
പടവുകള്‍ പലതും കയറി ഇറങ്ങിടും
പലനടനങ്ങള്‍ നടത്തിക്കുഴഞ്ഞിടും .

ആകെ അവള്‍ക്കഭയം നിശ്ശബ്ദത
ആരും അറിയാത്ത സ്നേഹിത രാത്രിയും
ചുറ്റിനുമുള്ളതോ കഴുക നേത്രങ്ങളും
കൊത്തിപ്പറിച്ചിടാന്‍ ആയും മനുഷ്യരും .

ഉണ്ടവള്‍ക്കും വികാരങ്ങള്‍ സ്വപ്‌നങ്ങള്‍
ഉള്ളില്‍ ഒതുക്കി കഴിയും അവള്‍ ധന്യ
ഉണ്ടവള്‍ക്കും വിതുമ്പുന്ന ഹൃദയവും
ഉള്ളില്‍ പകര്‍ന്നിടാന്‍ ഇത്തിരി സ്നേഹവും .

ഒരു നാളിലെങ്ങോ മറഞ്ഞുപോയ്‌ അവളെയീ
തെരുവിന്റെ ഹൃദയം കവര്‍ന്നെടുത്തോ
തെരുവിന്റെ മറവില്‍ മരിച്ചു വീണോ അവള്‍
മറ്റേതോ തെരുവിലായ് ചേക്കേറിയോ?

ഏതോ നിശയുടെദുഃഖമവള്‍
എന്റെ യാത്രയ്ക്കിടയിലെ കൂട്ടുകാരി
അവളെ തിരഞ്ഞീടുമെന്‍ കണ്ണുകള്‍
നിത്യ ജീവിത യാത്രയില്‍ തെരുവുകളില്‍.

തെരുവിലെ പാട്ടുകാരി
അവളീ തെരുവിന്റെ കൂട്ടികാരി
തെരുവിലെ പാട്ടുകാരി
അവളാ തെരുവിന്റെ പാട്ടുകാരി.

ചെതുമ്പല്‍

കാലില്‍ ഉറുമ്പ് കടിച്ചത് പോലെ
വരുന്നുണ്ടോര്‍മ്മകള്‍
ചിരി പല വഴികളിലൂടെ
മറച്ചീടുവതിന്നിരയുടെ കാലം.

ചുട്ട കിനാവുകള്‍ പ്രാണനില്‍ നിന്നും
പതറിയകന്നും
കാണാമെന്ന മൊഴിയിലൊടുങ്ങിയ
സൌഹൃദജാലം
പലവിധ നിഴലുകള്‍ നീണ്ടകലുന്ന
രാത്രിയില്‍ നിന്നും
തൊട്ടു വിളിക്കും ശാന്തത മറവിയി-
ലമര്‍ന്നിടുവോളം
പറയാതെവിടോ കാത്തവ
തനിയെ വെളിയില്‍ വരുമ്പോള്‍
ചിലരുടെ വിരലുകള്‍ ചുണ്ടിന്‍ മീതെ
അറിയാതെത്തും
പോവുക ദൂരേക്കാരെയും
വന്നൊട്ടീടാതെ
മൂര്‍ച്ചയില്‍ നിന്നുമൊളിച്ചിട്ടവ-
യിനി ഇരയാകാതെ.

രാത്രി മഴകള്‍

ഈ പുലരിയില്‍

മഴയൊഴിഞ്ഞ

ആകാശംഎത്ര

മനോഹരം.

സ്വപ്നം പോലെ

എത്ര പ്രിയങ്കരം.

എല്ലാം

തെളിഞ്ഞൊഴുകുന്നു

ശിലാഹൃദയം

ചുരത്തും

അരുവിപോലെ !

രാത്രി മഴകള്‍

തണുപ്പിക്കുന്നു

മനസ്സിനെ

ചുട്ടപൊള്ളിയ

ഹൃദയത്തെ!

Saturday, April 18, 2009

പേര്‌

തിരുത്തപെടേണ്ട
ഒന്നിനെ
പേരെന്ന്
വിളിക്കുവാന്‍
ആരുപറഞ്ഞു ?

ഓരോ പേരും
ഓരോ
മുറിവാകിലും
അവ,
അങ്ങനെ തന്നെ
തെളിയേണ്ട്തുണ്ട്!

എങ്കിലേ
ഓരോ പേരും
പേറുന്നത്
എന്തെന്ന്
തിരിച്ചറിയപ്പെടു!

സ്വപ്നവും
ദുഃഖവും
ശാപവും
പ്രണയവും
ഒരുപോലെ
പേറുവാന്‍
ഇനിയും
ഒരുപാടു
പേരുകള്‍
ശേഷിക്കണം!

ഓരോന്നിനെയും
മറികടക്കുവാന്‍
അങ്ങനെയാകിലേ
കഴിയു !

അറിയാതെ
നമ്മെ
പിന്തുടരുന്ന
എത്ര
പേരുകള്‍
ഉണ്ടാവാം!